ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തല്‍. സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി.

Read Also: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘം വയോധികനെ കുടുക്കിയത് അതിനാടകീയമായി : 30 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പേർ പിടിയിൽ

സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ജോലി നോക്കിയിരുന്നത്. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്.

സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യങ്ങളുള്‍പ്പടെ പൊലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പേട്ട സിഐക്കാണ് മൊഴി നല്‍കിയത്.

അതേസമയം, മേഘയുടെ മരണം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി അച്ഛന്‍ മധുസൂദനന്‍ നേരത്തെ ആരോപിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന സുകാന്തിനെ നിരീക്ഷണത്തില്‍ വെക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. സുകാന്തും കുടുംബവും വീട് പൂട്ടി മുങ്ങിയെന്നാണ് അറിവ്. മകള്‍ക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും മധുസൂദനന്‍ വ്യക്തമാക്കി. ഇരുവരും നിരവധി സ്ഥലങ്ങളില്‍ ഒന്നിച്ചു പോയിരുന്നു. എറണാകുളം ആണ് ഇതില്‍ പ്രധാനം. ചെന്നെയിലെ ഹോട്ടലില്‍ നിന്ന് ഇരുവരും ഭക്ഷണം കഴിച്ചതിന്റെ ബില്‍ തുക യുപിഎ വഴി നല്‍കിയതിന്റെ തെളിവ് ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ നിന്ന് കിട്ടിയെന്നും മേഘയുടെ അച്ഛന്‍ പറഞ്ഞു. മകളെ സാമ്പത്തികമായി ഇയാള്‍ ചൂഷണം ചെയ്തിരുന്നുവെന്ന് അച്ഛന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. മേഘ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 80 രൂപ മാത്രമായിരുന്നുവെന്നും അവസാനമായി ഫെബ്രുവരിയില്‍ കിട്ടിയ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും മധുസൂദനന്‍ വെളിപ്പെടുത്തിയിരുന്നു.

Share
Leave a Comment