സ്‌കൂള്‍ ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് അപകടം: 19 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തൃശൂര്‍: ചാവക്കാട് മണത്തലയില്‍ സ്‌കൂള്‍ ബസ് ടോറസ് ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂര്‍ നാഷണല്‍ ഹുദ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. മണത്തല പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. മുന്നില്‍ ഓടിക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് നിര്‍ത്തിയതോടെ പിറകില്‍ വന്ന സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു. കുട്ടികളുടെ കൈയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവര്‍- ഡ്രൈവര്‍ അലി (47), വിദ്യാര്‍ത്ഥികളായ ഇഷ ഫാത്തിമ(7), നഹ്ജ മറിയം (9), ഇമ്മദ് അഹമ്മദ്(5), അനാന്‍ സെഹ്‌റാന്‍(8), അംന യൂസഫ്( 9), ഗസല്‍ (12), സിനാന്‍ (12), അക്ബര്‍ സയാന്‍(10), സിനാന്‍ മാലിക് (9), ലിഷ മെഹ്‌റിന്‍ (6), മുര്‍ഷിദ് (9), ഹന ഹസീബ് (6), ഷഹന്‍ഷ (15), ഖദീജ നിത (6), ഫൈസാന്‍ (10), മുഹമ്മദ് അദ്‌നാന്‍ (9), സയ്യിദ് മുജീബ് (8), നിത ഫാത്തിമ (7).

 

Share
Leave a Comment