കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പരിശോധന: മദ്യക്കുപ്പി,കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന കുപ്പിയടക്കം കണ്ടെത്തി

കൊച്ചി: കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. കളമശ്ശേരിയിൽ നിന്ന് മൂന്നുപേരും തൃക്കാക്കരയിൽ നിന്നും ഒരാളുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ന​ഗരത്തിലെ ​ഹോസ്റ്റലുകളിൽ പരിശോധന ശക്തമാക്കിയത്.

രാത്രികാല പരിശോധനകളുടെ ഭാഗമായാണ് പൊലീസ് പരിശോധന നടത്തിയത്. നേരത്തെ പരാതികൾ ഉയർന്ന ഹോസ്റ്റലുകളിലായിരുന്നു പൊലീസിന്റെ മിന്നൽപരിശോധന. കുസാറ്റ് പരിസരത്ത് നിന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

മദ്യക്കുപ്പികൾക്ക് പുറമെ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന കുപ്പിയടക്കം ഹോസ്റ്റലുകളിൽ കണ്ടെത്തി. ലഹരിമരുന്ന് കൈവശം വെച്ച ഒരു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച നിരവധി പേരും പിടിയിലായി. കളമശേരിയിലും വൈറ്റില ഹബിലും എസിപി മാരായ പി.വി. ബേബി, പി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share
Leave a Comment