അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം : ഷൈനിക്ക് ഭർത്താവ് അയച്ച മെസേജ് മനോവേദനക്കിടയാക്കി

ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്ന് നോബിയും സമ്മതിച്ചിട്ടുണ്ട്

കോട്ടയം : ഏറ്റുമാനൂര്‍ പാറോലിക്കലില്‍ ട്രെയിനിന് മുന്നില്‍ ചാടി അമ്മയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളിലേക്ക് അന്വേഷണ സംഘം. അമ്മ ഷൈനിയും കുട്ടികളും ജീവനൊടുക്കാന്‍ തീരുമാനിച്ച ദിവസം ഭര്‍ത്താവ് നോബി വാട്‌സാപില്‍ സന്ദേശം അയച്ചെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് നിഗമനം.

ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്ന് നോബിയും സമ്മതിച്ചിട്ടുണ്ട്. ഈ സന്ദേശമെന്തെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.  പോലീസ് കസ്റ്റഡിയിലുള്ള നോബിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. പലതവണ ചോദിച്ചിട്ടും നിലവില്‍ അവസാനം അയച്ച സന്ദേശമെന്തെന്ന് നോബി വെളിപ്പെടുത്തിയിട്ടില്ല.

അന്ന് വാട്‌സാപ്പിലൂടെ ഷൈനിയെ നോബി വിളിച്ചെന്നും പോലീസ് പറയുന്നു. ഇതൊന്നും നോബി സമ്മതിച്ചിട്ടില്ല. ഇതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കേസിന്റെ അന്വേഷണം തുടരാനാണ് പോലീസ് തീരുമാനം.

ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Share
Leave a Comment