നഞ്ചക്ക് ഉപയോഗിച്ച് നെഞ്ചുംകൂട് ഇടിച്ചു കലക്കി,തലയിലും മാരക പ്രഹരം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

അക്രമി സംഘത്തില്‍ പെട്ടവരുടെ ഇന്‍സ്റ്റഗ്രാം ചാറ്റും പുറത്തായിട്ടുണ്ട്. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണു പോയി നോക്ക്. അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നതെന്നും കേസ് ഒന്നും ഉണ്ടാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്

കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ഇന്ന് രാവിലെ 11 മണിക്ക് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കി.

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് പത്താം ക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. അതിനിടെ അക്രമി സംഘത്തില്‍ പെട്ടവരുടെ ഇന്‍സ്റ്റഗ്രാം ചാറ്റും പുറത്തായിട്ടുണ്ട്. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണു പോയി നോക്ക്. അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നതെന്നും കേസ് ഒന്നും ഉണ്ടാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.

എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷഹബാസ്. താമരശ്ശേരി പഴയ ബസ്റ്റാന്‍ഡില്‍ സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് ഏറ്റുമുട്ടിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികൾ ഏറ്റുമുട്ടിയത്.

Share
Leave a Comment