ബെംഗളൂരു: ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ വച്ച് മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്. കര്‍ണാടകയിലെ സിര്‍സിയില്‍ ശനിയാഴ്ചയാണ് സംഭവം. ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രീതം ഡിസൂസ എന്നയാളാണ് ഇയാളെ കര്‍ണാടകയിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ച് കുത്തിക്കൊന്നത്. ഉത്തര കര്‍ണാടകയിലെ സിര്‍സിയില്‍ വച്ച് നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു കൊലപാതകം.
ബെംഗളൂരുവിലേക്കുള്ള ബസില്‍ ഗംഗാധര്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് പ്രീതം ഇയാളെ ആക്രമിച്ചത്. ഗംഗാധറിന്റെ ഭാര്യ പൂജ നോക്കി നില്‍ക്കെയായിരുന്നു കത്തിയാക്രമണം. പൂജ നേരത്തെ പത്ത് വര്‍ഷത്തോളം പ്രീതവുമായി പ്രണയത്തിലായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് മാസം മുന്‍പാണ് പൂജ ഗംഗാധറിനെ വിവാഹം ചെയ്ത് ബെംഗളൂരുവിലേക്ക് താമസം മാറിയത്. പൂജയും ഗംഗാധറും ബെംഗളൂരുവില്‍ ജോലിയും നേടിയിരുന്നു. വാരാന്ത്യത്തില്‍ വീട്ടിലെത്തി ഒരു ചടങ്ങി പങ്കെടുത്ത് മടങ്ങുമ്പോഴാണ് പ്രീതം ഗംഗാധറിനെ ആക്രമിച്ചത്.
ദമ്പതികളുടെ അടുത്തെത്തിയ പ്രീതം ഗംഗാധറിനോട് തര്‍ക്കിക്കാന്‍ തുടങ്ങി. തര്‍ക്കം വാക്കേറ്റത്തിലേക്ക് എത്തിയതോടെ പ്രീതം കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗാധറിനെ ആക്രമിക്കുകയായിരുന്നു. ഗംഗാധറിന്റെ നെഞ്ചില്‍ നിരവധി തവണ കുത്തിയ ശേഷം പ്രീതം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പൂജയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രീതം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Leave a Comment