തിരുവനന്തപുരത്ത് നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി : ഇരുവരും മിസോറാം സ്വദേശികൾ

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി

തിരുവനന്തപുരം : രാജധാനി എഞ്ചിനീയറിംഗ് കോളജില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. മിസോറാം സ്വദേശിയായ വാലന്റൈന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും മിസോറാം സ്വദേശിമായ ലോമയെ പോലീസ് അറസ്റ്റ് ചെയ്തു.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. ലോമയും വാലന്റൈനും കോളേജില്‍വെച്ച് മുമ്പും നിരവധി തവണ പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരിക്കുന്നതിനിടയില്‍ വാലന്റൈനും ലോമയും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും ഇത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

മുറിയില്‍ നിന്നും പുറത്തേക്ക് പോയ ലാമ വാലന്റൈനെ വിളിച്ച് പുറത്തെത്തിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടയില്‍ കയ്യില്‍ കരുതിയ കത്തിക്കൊണ്ട് ലാമ വാലന്റൈനിന്റെ നെഞ്ചില്‍ കുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. സംഘര്‍ഷത്തിന്റെയും കൃത്യം നടത്തിയതിനുശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ വാലന്റൈനെ കല്ലമ്പല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കിംമ്‌സ് ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Share
Leave a Comment