ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് റെഡി: ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാങ്കേതിക രംഗത്ത് ഒരു നിര്‍ണ്ണായക മുന്നേറ്റമായി രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പ് 2025 സെപ്റ്റംബറോടുകൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. ”ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡില്‍ പുതിയ ഗവേഷണത്തിനും വികസനത്തിനും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് സര്‍ക്കാര്‍ 334 കോടി രൂപ അനുവദിച്ചുവെന്നും” കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹതയെന്ന് കുടുംബം

ഈ സുപ്രധാന നേട്ടം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ഊര്‍ജ്ജം നല്‍കുന്നതിനോടൊപ്പം, രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വത്തിനായുള്ള ശ്രമങ്ങള്‍ക്ക് ഒരു വഴിത്തിരിവാകുകയും ചെയ്യും. ടാറ്റ ഇലക്ട്രോണിക്‌സും പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷനും (പിഎസ്എംസി) ചേര്‍ന്ന് ഗുജറാത്തിലെ ധോലേരയിലാണ് അത്യാധുനിക സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ ചിപ്പ് നിര്‍മ്മിക്കുന്നത്. 2021 ഡിസംബറില്‍ രാജ്യത്ത് സെമികണ്ടക്ടര്‍, ഡിസ്‌പ്ലേ നിര്‍മ്മാണത്തിന് 76,000 കോടി രൂപ ചിലവ് വരുന്ന സെമികോണ്‍ ഇന്ത്യ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയിരുന്നു.

സെമികണ്ടക്ടറുകള്‍, ഡിസ്‌പ്ലേ നിര്‍മ്മാണം, ഡിസൈനിംഗ് സൗകര്യം എന്നിവയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനില്‍ ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ (ISM) സ്ഥാപിച്ചിട്ടുണ്ട്. സെമികണ്ടക്ടറുകള്‍ വികസിപ്പിക്കുന്നതിനും, നിര്‍മ്മാണ സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാവകാശമുണ്ട്.

Share
Leave a Comment