നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ച് ദുബായ് : സമുദ്ര ടൂറിസത്തിന് മുതൽക്കൂട്ടാകും

പുനർരൂപകൽപ്പന ചെയ്ത അബ്രകൾക്ക് 24 യാത്രക്കാരെ വരെ ഉൾക്കൊള്ളാനും ദുബായ് യൂണിവേഴ്‌സൽ ഡിസൈൻ കോഡ് പൂർണ്ണമായും പാലിക്കാനും കഴിയുന്നതാണ്

ദുബായ് : ദുബായ് എമിറേറ്റിലെ ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദൈനംദിന യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്തുക, പൊതുഗതാഗത സംവിധാനവുമായി ജലഗതാഗത സംവിധാനങ്ങൾ സംയോജിപ്പിക്കുക, സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് അതോറിറ്റി ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.

പുനർരൂപകൽപ്പന ചെയ്ത അബ്രകൾക്ക് 24 യാത്രക്കാരെ വരെ ഉൾക്കൊള്ളാനും ദുബായ് യൂണിവേഴ്‌സൽ ഡിസൈൻ കോഡ് പൂർണ്ണമായും പാലിക്കാനും കഴിയുന്നതാണ്. നേരത്തെയുള്ള അബ്രകളിൽ ഇരുപത് യാത്രികർക്കാണ് സഞ്ചരിക്കാൻ സാധിച്ചിരുന്നത്.

ദുബായ് യൂണിവേഴ്‌സൽ ഡിസൈൻ കോഡ് പാലിക്കുന്നതിലൂടെ സുരക്ഷ, പ്രവേശനക്ഷമത, സുഖസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നു. മെച്ചപ്പെടുത്തിയ ഇരിപ്പിടങ്ങൾ, മെച്ചപ്പെട്ട തറ, ദൃഢനിശ്ചയമുള്ള ആളുകൾക്കുള്ള പ്രത്യേക ഇരിപ്പിടങ്ങൾ, കൂടുതൽ കാര്യക്ഷമമായ ലേഔട്ട് എന്നിവ നവീകരണങ്ങളിൽ ഉൾപ്പെടുന്നു.

നൂതന സ്മാർട്ട് സിസ്റ്റങ്ങൾ, തത്സമയ പാസഞ്ചർ ഇൻഫർമേഷൻ സ്‌ക്രീനുകൾ, സുരക്ഷാ അലേർട്ടുകൾ, ഡിജിറ്റൽ ഡെസ്റ്റിനേഷൻ ബോർഡുകൾ എന്നീ സാങ്കേതിക മെച്ചപ്പെടുത്തലുകളും ഈ പുതിയ അബ്രകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Share
Leave a Comment