
ചെന്നൈ : തമിഴ് നടൻ സൂര്യയുടെ അഗരം ഫൗണ്ടേഷൻ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അവർക്ക് ആത്മവിശ്വാസമുള്ളവരും വൈദഗ്ധ്യമുള്ളവരും, സാമൂഹിക ഉത്തരവാദിത്തമുള്ളവരുമായി മാറാനുള്ള അവസരങ്ങൾ അദ്ദേഹത്തിൻ്റെ ഈ സ്ഥാപനം നൽകുന്നു എന്നതാണ് വസ്തുത. 2006 ൽ ആദ്യമായി സ്ഥാപിതമായ ഈ ഫൗണ്ടേഷൻ ഇന്ന് ഒരു വലിയ സംഘടനയായി വളർന്നു.
ഇതുവരെ 5000 ത്തിലധികം വിദ്യാർത്ഥികളെ സംഘടന സഹായിച്ചിട്ടുണ്ട്. നിലവിൽ 2000 ത്തിലധികം വിദ്യാർത്ഥികളെ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്നു. അവരിൽ 70% ത്തിലധികവും പെൺകുട്ടികളാണ്. സൂര്യ അടുത്തിടെ ത്യാഗരായ നഗറിൽ അഗരം ഫൗണ്ടേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഭാവനകളില്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ടാണ് നടൻ ഇതിൻ്റെ നിർമ്മാണം നിർവഹിച്ചത്.
മാതാപിതാക്കളില്ലാത്ത വിദ്യാർത്ഥികൾ, സ്കൂൾ പഠനം ഉപേക്ഷിച്ചവർ, പഠിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർ, കോളേജ് പഠനം തുടരാൻ കഴിയാത്തവർ എന്നിവർക്ക് അഗരം ഫൗണ്ടേഷൻ വിദ്യാഭ്യാസം നൽകുന്നു. വിദ്യാഭ്യാസം നൽകുക മാത്രമല്ല, ഉത്തരവാദിത്തമുള്ള വ്യക്തികളാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക കൂടിയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് സൂര്യ ഉദ്ഘാടന ചടങ്ങിൽ ഊന്നിപ്പറഞ്ഞു.
ഫൗണ്ടേഷന്റെ വിജയത്തിൽ സന്നദ്ധപ്രവർത്തകരുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. അവർ സംഘടനയുടെ നട്ടെല്ലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫൗണ്ടേഷന് എല്ലാ വർഷവും 10,000-ത്തിലധികം അപേക്ഷകൾ ലഭിക്കുന്നുണ്ട്. അതേ സമയം സംഭാവന ലഭിക്കുന്ന ഓരോ രൂപയും വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾക്കുമായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് സൂര്യ പൊതുജനങ്ങളോട് ഈ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥിച്ചു. ഫൗണ്ടേഷന്റെ ശ്രമങ്ങളിൽ നിന്ന് ഇതിനകം 5000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചതിനാൽ ഈ മഹത്തായ പ്രവർത്തനം തുടരാൻ തന്നെയാണ് നടൻ്റെ തീരുമാനം.
അതേ സമയം സിനിമയ്ക്ക് അദ്ദേഹം ഏറെ പ്രാധാന്യം നൽകി വരുന്നു. അദ്ദേഹം ഇപ്പോൾ റെട്രോ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. റെട്രോയ്ക്ക് ശേഷം സൂര്യ, ആർജെ ബാലാജി സംവിധാനം ചെയ്യുന്ന 45 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ സൂര്യയുടെ ജോഡിയായി തൃഷയാണ് അഭിനയിക്കുന്നത്.
Post Your Comments