ഭർത്താവിന് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാൻ കഴിയുമോ? ഛത്തീസ്ഗഡ് ഹൈക്കോടതി വിധി ആരെയും ഞെട്ടിക്കും

തന്‍റെ സമ്മതമില്ലാതെ ഭര്‍ത്താവ് ബല പ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി യുവതി മരണ മൊഴി നൽകിയിരുന്നു

ബിലാസ്പൂർ: പ്രായപൂർത്തിയായ ഭാര്യയുമായി അവരുടെ സമ്മതമില്ലാതെ പോലും പ്രകൃതിവിരുദ്ധ പ്രവൃത്തി ഉൾപ്പെടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ജഗദൽപൂർ നിവാസിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഛത്തീസ്ഗഡ് ഹൈക്കോടതി വിധി പറഞ്ഞത്.

2017 ൽ ബസ്തർ ജില്ലയിലെ വിചാരണ കോടതി ഭാര്യയുടെ മരണശേഷം ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 304 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ) എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഭർത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

കേസിലെ വിധി കഴിഞ്ഞ വർഷം നവംബർ 19 ന് കോടതി മാറ്റിവയ്ക്കുകയും കഴിഞ്ഞ തിങ്കളാഴ്ച പുറപ്പെടുവിക്കുകയും ചെയ്തു. ഭാര്യയുടെ പ്രായം 15 വയസ്സിൽ താഴെയല്ലെങ്കിൽ ഭർത്താവ് ഭാര്യയുമായി നടത്തുന്ന ഏതെങ്കിലും ലൈംഗിക ബന്ധമോ ലൈംഗിക പ്രവൃത്തിയോ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി അഭിപ്രായപ്പെട്ടു.

ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂർ നിവാസിയായ പ്രതിയെ 2017 ലാണ് അറസ്റ്റ് ചെയ്തത്. അന്നേ ദിവസം തന്‍റെ സമ്മതമില്ലാതെ ഭര്‍ത്താവ് ബല പ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി യുവതി മരണ മൊഴി നൽകിയിരുന്നു. മലദ്വാരത്തില്‍ ഉണ്ടായ സുഷിരവും പെരിടോണിറ്റിസുമാണ് യുവതിയുടെ മരണത്തിനിടയാക്കിയ കാരണമെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് അറസ്റ്റിലായ യുവാവിനെതിരേ ചുമത്തിയ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ വിചാരണ കോടതി ശരിവയ്ക്കുകയും ഇയാളെ 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി യുവാവിന് ശിക്ഷയിൽ നിന്നും ഇളവ് നൽകി.

രാജ്യത്ത് വൈവാഹിക ബലാത്സംഗം കുറ്റകരമല്ല. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അന്ന് വൈവാഹിക ബലാത്സംഗം കുറ്റമാകരമാക്കുന്നതിനെതിരേ കേന്ദ്രം നിലപാടറിയിച്ച് രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഢ് അധ്യഷനായ ബെഞ്ചായിരുന്നു ഹർജികൾ പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹം വിരമിച്ചതോടെ ഹർജികൾ തീർപ്പാവാതെ കിടക്കുകയാണ്.

ഇനി ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിച്ച് തീർപ്പാക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം ഹർജികളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതികളല്ല, നിയമനിർമ്മാണ സഭയാണ്.

Share
Leave a Comment