ചെന്താമരയെ തേടി പൊലീസ്: തെരച്ചിലിനായി കഡാവര്‍ നായ്ക്കളെ കൊണ്ടുവരും

 

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം നടന്ന് ഒന്നര ദിവസം പിന്നിടുമ്പോഴും കൊലയാളിയായ ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. നെന്മാറയിലും പാലക്കാട് നഗരത്തിലും കോഴിക്കോട് ജില്ലയിലും തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. പ്രധാനമായും ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ചെന്താമരയുടെ കൈയിലുണ്ടായിരുന്നത് 3 ഫോണുകളെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ ഒരെണ്ണം പൊട്ടിച്ചു കളഞ്ഞതായും മറ്റൊന്ന് സുഹ്യത്തിന് കൈമാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈയ്യിലുള്ള ഫോണ്‍ ഏതെന്നുള്ളത് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read Also: അച്ഛനെയും അച്ഛമ്മയെയും വിളിച്ച് നെഞ്ചുപൊട്ടിക്കരഞ്ഞ് അതുല്യയും അഖിലയും

തിരുവമ്പാടിയില്‍ ജോലിവിട്ട് പോകുമ്പോള്‍ ചെന്താമര ഒരു ഫോണ്‍ സഹപ്രവര്‍ത്തകന് നല്‍കിയിരുന്നു. ആ ഫോണ്‍ മണികണ്ഠന്‍ എന്ന ആള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. മോട്ടറോള ഫോണ്‍ ആണ് ചെന്താമര ഇയാള്‍ക്ക് സൗജന്യമായി കൊടുത്തത്. എവിടെയും ദേഷ്യക്കാരനായിരുന്നു ചെന്താമരയെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞത്. അസുഖം വന്നതിനെ തുടര്‍ന്നാണ് ജോലി വിട്ടതെന്നും പിന്നീട് ഒരു ബന്ധവും ഇല്ലെന്നും മണികണ്ഠന്‍ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ നിന്നും പോയത്. പോകുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ഒന്നാണ് സഹപ്രവര്‍ത്തകനായ മണികണ്ഠന് നല്‍കിയത്. കൊലക്കേസില്‍ പ്രതിയാണെന്ന വിവരവും ഇനിയും ചിലരെ കൊല്ലാനുണ്ടെന്നും തന്നോട് പറഞ്ഞിരുന്നതായി മണികണ്ഠന്‍ പൊലീസിനോട് വിവരിച്ചു. ഒരു വര്‍ഷത്തോളം ആണ് ഇവിടെ ജോലി ചെയ്തത്.

അതേസമയം ചെന്താമരക്കായി കോഴിക്കോട് കൂടരഞ്ഞിയിലും ഇന്ന് പൊലീസ് വിശദമായ തെരച്ചില്‍ നടത്തിയിരുന്നു. ഈ പ്രദേശത്തുവച്ച് ചെന്താമരയുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയില്‍ സുരക്ഷ ജീവനക്കാരനായി ചെന്താമര ജോലി ചെയ്തിരുന്നു. എന്നാല്‍ സെക്ക്യൂരിറ്റി ജോലിക്ക് കയറിയത് കൊലക്കേസ് പ്രതി എന്ന് അറിയിക്കാതെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചെന്താമര എന്ന് പേരുള്ള ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അല്ല പ്രതി എന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് വിട്ടയച്ചു.

Share
Leave a Comment