തണുത്തുറഞ്ഞ് ന്യൂഡല്‍ഹി : വിവിധയിടങ്ങളില്‍ അതിശൈത്യം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന അതിശൈത്യത്തിന് ഇന്നും കുറവില്ല. ഇന്ത്യാ ഗേറ്റും കര്‍ത്തവ്യ പഥും ഉള്‍പ്പെടെയുള്ള മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും ഒപ്പം ട്രെയിനുകളും വൈകി.

Read Also: ജമ്മു കശ്മീരിലെ ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ അജ്ഞാത രോഗമല്ല: ദുരൂഹതകള്‍ ഏറെയെന്ന് കേന്ദ്രമന്ത്രി

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) അറിയിപ്പ് പ്രകാരം നഗരത്തില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസാണ്. നഗരത്തിന് ചുറ്റും ദില്ലി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് സ്ഥാപിച്ച ക്യാമ്പുകളില്‍ നിരവധി ആളുകളാണ് തണുപ്പില്‍ നിന്ന് അഭയം പ്രാപിച്ചത്. ക്യാമ്പുകളില്‍ അഭയം തേടുന്ന ആളുകള്‍ക്ക് മരുന്ന് മുതല്‍ ഭക്ഷണം വരെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ ഏഴ് മണിക്ക് ദില്ലിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 207 ആയി രേഖപ്പെടുത്തിയിരുന്നു.

വാരണാസി, അയോധ്യ എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടല്‍മഞ്ഞ് മൂടിയിരുന്നു. വാരാണസിയിലും അയോധ്യയിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share
Leave a Comment