കോഴിക്കോട്: വിദേശത്ത് പഠിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സ്‌കൈ മാര്‍ക്ക് എജുക്കേഷന്‍ ഡയറ്കടര്‍മാര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശിയായ പരാതിക്കാരിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍നിര്‍മിച്ച് പലരേയും ഈ സ്ഥാപനം മുഖേന വിദേശത്തേക്ക് കയറ്റി വിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കോഴിക്കോട് ആസ്ഥാനമായിട്ടുള്ള സ്‌കൈമാര്‍ക്ക് എജ്യുക്കേഷനെതിരെ പൊലീസ് കേസെടുത്തത്. യുകെയില്‍ എംബിഎ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നായിരുന്നു പരാതി. യുവതിയറിയാതെ ഇവരുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് വ്യാജരേഖ നിര്‍മ്മിക്കല്‍,വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഷഫീഖ്, റനീഷ് എന്നിവര്‍ക്കെതിരെ കേസടുത്തത്.
Read Also: പൂനെ നാസിക് നാഷണല്‍ ഹൈവേയില്‍ വാഹനാപകടം : ഒമ്പത് പേര്‍ മരിച്ചു
സ്‌കൈമാര്‍ക്കിന്റെ പറയഞ്ചേരിയിലേയും ,പന്തീരങ്കാവിലേയും ഓഫീസുകളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. പലരുടേയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശകോഴ്‌സുകള്‍ക്ക് ചേരാനുള്ള ഉയര്‍ന്ന മാര്‍ക്കില്ലാത്തവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ വിദേശത്തേക്ക് പോയവരേക്കുറിച്ചും അന്വേഷണം തുടങ്ങി.
Leave a Comment