ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു കല്ലറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന ഉറപ്പുള്ള അറകളാണ്. എന്നാൽ ആറാമത്തെ കല്ലറ ആയ ബി കല്ലറ ഒരു സ്ട്രോങ്ങ് റൂം അല്ല. മറിച്ച് ദേവചൈതന്യവും ആയി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആണ്. ഈ അറ 1931 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കൽപ്പന അനുസരിച്ച് തുറന്നിട്ടുണ്ട്. ബി കല്ലറയ്ക്കുള്ളിൽ ഒന്നിൽ അധികം അറകൾ ഉണ്ട്. ഇവയിൽ ആദ്യത്തെ അറയിൽ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഉത്രാടം തിരുനാൾ മഹാരാജാവിൻറെ കാലത്തും ഈ അറ പല ആവശ്യങ്ങൾക്കുമായി തുറന്നിട്ടുണ്ട്.
എന്നാൽ ഈ അറ കടന്നാൽ വീണ്ടും ഒരു അറ ഉണ്ട്. അതാണു തുറക്കാൻ പാടില്ല എന്നു തിരുവിതാംകൂർ കൊട്ടാരവും പുരോഹിതന്മാരും ഭക്തജനങ്ങളും വിശ്വസിക്കുന്ന അറ. ഈ അറയുടെ സംരക്ഷകൻ ക്ഷേത്രത്തിലെ ശ്രീ നരസിംഹസ്വാമിയാണ്. ഈ അറയ്ക്കു പുറത്തുളള സർപ്പച്ചിഹ്നം അപായ സൂചന ആണ്.. 2011 ഓഗസ്റ്റ് മാസം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ഈ അറ തുറക്കാൻ പാടില്ല എന്ന ഭക്തജനങ്ങളുടെ വിശ്വാസം ശരി വയ്ക്കുകയും ഈ അറ നിരോധിതമേഖല ആണെന്നു വിധിക്കുകയും ചെയ്തു. ഈ അറയിൽ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യപുഷ്ടിക്കായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കൾ ഉണ്ട്. കൂടാതെ ദേവന്മാർ, ഋഷിമാർ, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവർ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ അറയ്ക്കുള്ളിൽ ഉണ്ടെന്നാണ് വിശ്വാസം.
ഈ അറ തുറക്കുന്നതു ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാർ മുന്നറിയിപ്പു നല്കി. ബി കല്ലറ യാതൊരു കാരണവശാലും തുറക്കാൻ പാടില്ലെന്നും ഇവർ മുന്നറിയിപ്പ് നൽകി.1933 ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി ഗിൽക്രിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തിൽ ഈ അത്രയേ കുറിച്ച് പറഞ്ഞതിങ്ങനെ, “കല്ലറകളെ സംബന്ധിച്ച് ഒരു കാര്യം പറയുന്നുണ്ട്. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ മഹാസർപ്പങ്ങളെക്കണ്ടു ഭയന്നു പ്രാണനും കൊണ്ടോടി.” മറ്റൊരു കഥ പ്രചരിക്കുന്നത് ഈ അറ കടലുമായി ബന്ധിപ്പിക്കുന്ന ഒന്നാണെന്നും, അറ തുറന്നാൽ വെള്ളം കയറി ക്ഷേത്രവും പരിസരപ്രദേശവും മുങ്ങുമെന്നും പറയുന്നുണ്ട്.
Post Your Comments