ലഖ്നൗവിൽ എസ്‌യുവി വാഹനം ട്രക്കിൽ ഇടിച്ച് കയറി അഞ്ച് പിജി ഡോക്ടർമാർ മരിച്ചു : ദാരുണ സംഭവം ഇന്ന് പുലർച്ചെ മൂന്നിന്

ഡോക്ടർമാരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ കാറപകടത്തിൽ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആഗ്ര – ലഖ്നൌ എക്‌സ്പ്രസ് വേയിലായിരുന്നു സംഭവം നടന്നത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടിയ ശേഷം എതിരെ വന്ന ട്രക്കിലിടിക്കുകയായിരുന്നു.
അഞ്ച് പിജി ഡോക്ടർമാരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ പിജി ഡോക്ടർമാരായിരുന്നു കാറിലുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ഡോക്ടർമാർ സഞ്ചരിച്ച സ്‌കോർപിയോ എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്തത്. അതിനുശേഷം സമാന്തര പാതയിലേക്ക് പ്രവേശിച്ച കാർ എതിർവശത്ത് നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. എസ്‌യുവിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ലഖ്നൌവിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു കാർ. ഡോക്ടർമാരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോ. അനിരുദ്ധ് വർമ, ഡോ. സന്തോഷ് കുമാർ മൗര്യ, ഡോ. ജൈവീർ സിംഗ്, ഡോ. അരുൺ കുമാർ, ഡോ. നാർദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഒരാൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് തിർവയിലെ സിഐ പ്രിയങ്ക ബാജ്‌പേയ് പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും സിഐ പറഞ്ഞു.

Share
Leave a Comment