ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍. കണ്ണൂരിലെ പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രംഗത്തു വന്നിരുന്നു. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്കാണ് എ.ഡി.എം.കെ. നവീന്‍ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് പരസ്യമായി ആയിരുന്നു ദിവ്യയുടെ അഴിമതി ആരോപണം. യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനായിരുന്നു ഉദ്ഘാടകന്‍ ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീന്‍ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. നവീന്‍ കുമാറിന് ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ ഉടന്‍ വേദി വിടുകയും ചെയ്തിരുന്നു.

Share
Leave a Comment