ജറുസലേം: ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ആക്രണമണം നടത്തിയെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡും ഇസ്രയേൽ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മിസൈലുകൾ ജോർദാന്റെ ആകാശത്തുവച്ചുതന്നെ ഇസ്രയേൽ സൈന്യം വെടിവെച്ചിട്ടു എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഹിസ്ബുള്ള തലവൻ ഹസൻ നസറള്ളയെ ഇസ്രയേൽ വധിച്ചതിന് പകരം ചോദിക്കുമെന്ന് ഇറാൻ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ലെബനനിലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യമിട്ട് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇസ്രയേലിന്റെ തന്ത്ര പ്രധാന സ്ഥലങ്ങളിലേക്ക് വന്നതൊക്കെ ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം തകർക്കുകയും ചെയ്തു.
അതിനിടെ, ഇസ്രയേലിലെ ടെൽ അവീവിൽ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പിൽ നാലുപേർ മരിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ പറഞ്ഞു. ഇസ്രായേലിലെ ടെൽ അവീവിൽ ഉൾപ്പെടെ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെൻ ഗുറിയോണിലെ വ്യോമഗതാഗതം നിർത്തിവെച്ചു.
ഇറാനിൽനിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് ടെൽ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാൻ ഇസ്രയേൽ നിർദേശിക്കുകയുണ്ടായി. ഇതിനുമുൻപ് ഏപ്രിലിലാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചത്. അന്ന് അയച്ച മിസൈലുകളിൽ മിക്കതും ഇസ്രയേൽ വെടിവെച്ചിട്ടിരുന്നു. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ തിങ്കളാഴ്ച അർധരാത്രിയോടെ നിയന്ത്രിതവും പരിമിതവും ആസൂത്രിതവുമായ കരയാക്രമണമാരംഭിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ, നടപടി എത്രദിവസം നീളുമെന്ന് സൂചിപ്പിച്ചില്ല.
അധിനിവേശത്തിനുമുന്നോടിയായി അതിർത്തിയിലെ 25 ഗ്രാമങ്ങളൊഴിയാൻ ലെബനീസ് പൗരരോട് ഇസ്രയേൽ നിർദേശിച്ചു. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമെന്നും ഇത് ലെബനനിലെ ജനങ്ങൾക്കുനേരേയുള്ള യുദ്ധമല്ലെന്നും ഇസ്രയേൽസൈന്യം പറഞ്ഞു. ഹിസ്ബുള്ളയുമായി ഇസ്രയേൽ സൈന്യം നേരിട്ട് ഏറ്റുമുട്ടിയതായി റിപ്പോർട്ടില്ല. അതേസമയം, സൈന്യം ഉള്ളിലെത്തിയെന്ന വാർത്ത ഹിസ്ബുള്ള നിഷേധിച്ചു.
Post Your Comments