കൊല്ലം: ഞായറാഴ്ച മൈനാഗപ്പള്ളിയിൽ കാർ സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തി സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. ഈ കാറിൽ മൂന്നാമതൊരാൾ കൂടിയുണ്ടായിരുന്നെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞിരുന്നു. എന്നാൽ വാഹനത്തിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനമോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി 29കാരനായ മുഹമ്മജ് അജ്മലിനെയും വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശി 27കാരിയായ ശ്രീക്കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോയമ്പത്തൂരിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മൽ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന. ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി. കേസിലെ രണ്ടാം പ്രതിയാണിവർ. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
കാർ ഓടിച്ചിരുന്ന അജ്മൽ കരുനാഗപ്പള്ളി വെളുത്തമണൽ ഇടക്കുളങ്ങര സ്വദേശിയാണ്. ഇയാളെ ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽനിന്നാണ് പുലർച്ചെ അറസ്റ്റ് ചെയ്തത്. പല ക്രിമിനൽ കേസുകളിലും പ്രതിയായിരുന്ന ഇയാൾ ഈ കേസുകളിലെല്ലാം ജാമ്യത്തിലായിരുന്നു. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ഈ കേസിൽ അജ്മലിനെതിരെ ചുമത്തിയിരിക്കുന്നത്.
Leave a Comment