പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യം, ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധമെന്ന സൂചന ഇല്ല: താരങ്ങള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

ലൈംഗിക പീഡന പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തിറക്കിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയിലും മാധ്യമങ്ങളോട് പറഞ്ഞതിലും വൈരുധ്യമുണ്ട്.

ലൈംഗിക പീഡനത്തിന് ഇരയായത് 2009ലെന്നാണ് പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴി. ദൃശ്യമാധ്യമത്തിലെ ഇന്റര്‍വ്യൂവില്‍ പരാതിക്കാരി ആവര്‍ത്തിച്ചത് സംഭവം 2013ല്‍ എന്നാണ്. സമൂഹത്തിന്റെ വികാരത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നു. പരാതിക്കാരി നിയമബിരുദധാരിയാണെന്നും എങ്ങനെ മൊഴി നല്‍കണമെന്ന് അവര്‍ക്ക് അറിയാമെന്നും കോടതി ഉത്തരവില്‍ പരാമര്‍ശമുണ്ട്.

ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പീഡനക്കേസില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് പോലീസ് മുന്നോട്ടുവച്ചത്. ഈ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. അഭിഭാഷകനായ വി എസ് ചന്ദ്രശേഖരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ശനിയാഴ്ചത്തേക്ക് മാറ്റി. കൂടുതല്‍ വാദം കേള്‍ക്കേണ്ട സാഹചര്യത്തിലാണ് വിധി മാറ്റിയത്.

മണിയന്‍ പിള്ള രാജുവും ഫോര്‍ട്ട് കൊച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമായതിനാല്‍ അത് രേഖപ്പെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

Share
Leave a Comment