ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ കാളഹസ്തിയിലെ സ്വര്‍ണ്ണമുഖി നദീതീരത്താണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കൈലാസമെന്നാണ് ശ്രീകാളഹസ്തി ക്ഷേത്രത്തെ അറിയപ്പെടുന്നത്. ശ്രീ (ചിലന്തി), കാള (സര്‍പ്പം), ഹസ്തി (ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചതിനാലാണ് ക്ഷേത്രത്തിന് ശ്രീകാളഹസ്തി എന്ന് പേര് ലഭിച്ചത് എന്നാണ് വിശ്വാസം.
സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും കാളഹസ്തിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അര്‍ജുനന്‍ ഇവിടെ എത്തി ശിവഭഗവാനെ പ്രാർഥിച്ചുവെന്ന് സ്കന്ദപുരാണത്തില്‍ പറയുന്നു.പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിന്റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. പടിഞ്ഞാറോട്ട് ദർശനം ചെയ്തിരിക്കുന്ന വായുലിംഗമാണ് പ്രധാന പ്രതിഷ്ഠ. ശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടെയുള്ളതെന്ന് പറയപ്പെടുന്നു.
സ്വയംഭൂവായ ഈ ശിവലിംഗത്തിൽ പൂജാരി പോലും സ്പർശിക്കാറില്ല. അഭിഷേകവും മറ്റും മറ്റൊരു വിഗ്രഹത്തിലാണ്. വായു കടക്കാത്ത ശ്രീകോവിലിൽ ഒരു വിളക്കിന്റെ നാളം എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നത് വിസ്മയകരമാണ്. ശനിദശയിലും ശനി, രാഹു, കേതു എന്നിവയുടെ അപഹാരകാലത്തും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ദോഷശമനമുണ്ടാകുമെന്നാണ് വിശ്വാസം. രാഹു കേതു ദോഷ പരിഹാര പൂജയാണ് പ്രധാനം.
Leave a Comment