ചാലക്കുടി: മുംബൈയില്‍ ഏഴു കോടിയുടെ കവര്‍ച്ച നടത്തിയ കേസില്‍ മലയാളികളായ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണന്‍കുഴി സ്വദേശി മുല്ലശേരി കനകാംബരന്‍ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് ക്ഷേത്രത്തിനു സമീപം ചിത്രക്കുന്നേല്‍ സതീശന്‍ (48), നോര്‍ത്ത് കൊന്നക്കുഴി സ്വദേശിയും വര്‍ഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയില്‍ താമസിക്കുന്നയാളുമായ ഏരുവീട്ടില്‍ ജിനു (ജിനീഷ്41), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്ന പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനിവീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ദേശീയപാതകള്‍ കേന്ദ്രീകരിച്ചു വന്‍ കവര്‍ച്ച നടത്തുന്ന സംഘമാണ് ഇവരുടേത്. മുംബൈയില്‍നിന്ന് ഏഴ് കോടി രൂപ കവര്‍ന്ന കേസിലാണ് സംഘം ഇപ്പോള്‍ അറസ്റ്റിലായത്. മുംബൈ പല്‍ഘാര്‍ സിബിസിഐഡി പൊലീസ് നല്‍കിയ സുചനപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘത്തിന്റെ അറസ്റ്റ്.
ഗുജറാത്ത് സ്വദേശിയായ വ്യവസായിയുടെ 73 ലക്ഷം തട്ടിയെടുത്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളി കവര്‍ച്ചാ സംഘം അറസ്റ്റിലാവുന്നത്. ജൂലൈ 10നു പുലര്‍ച്ചെയാണ് ഗുജറാത്ത് രാജ്കോട്ട് സ്വദേശിയും വ്യവസായിയുമായ റഫീക് ഭായി സെയ്ത്് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ കൊള്ളയടിക്കപ്പെട്ടത്. പാല്‍ഘര്‍ ജില്ലയിലെ മാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് കാറിലായെത്തിയ സംഘം മുംബൈ – അഹമ്മദാബാദ് ദേശീയപാതയില്‍ ഇവരുടെ വാഹനം തടഞ്ഞു പണം കവരുകയായിരുന്നു.
ചില്ലു തകര്‍ത്തശേഷം യാത്രികരെ മര്‍ദിച്ചു പുറത്തിറക്കി കാര്‍ തട്ടിക്കൊണ്ടുപോയി അതിലുണ്ടായിരുന്ന 73 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം വിക്രംഘട്ടില്‍ ഉപേക്ഷിച്ചു. വ്യവസായിയും ഡ്രൈവറും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന അന്വേഷണ സംഘം വാഹന നമ്പറുകള്‍ കണ്ടെത്തിയെങ്കിലും അവ വ്യാജമായിരുന്നു. തുടര്‍ന്ന് ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണു തൃശൂര്‍ ജില്ലയിലെ സംഘങ്ങളിലേക്കു ശ്രദ്ധ തിരിഞ്ഞത്. ഇതോടെ, പാല്‍ഘര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.നവനീത് ശര്‍മയുമായി ബന്ധപ്പെട്ടു. പാല്‍ഘര്‍ സംഘം സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി പൊലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞു.
Post Your Comments