KeralaLatest News

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി: പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം

കോഴിക്കോട്: പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തിൽ ഏരിയാ കമ്മറ്റി അം​ഗം പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടിയെടുത്തു. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് നീക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം.

കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം തിങ്കളാഴ്ച ചേരില്ല. നടപടി ഔദ്യോ​ഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ്‌ പി.എസ്.സി. അംഗത്വം നൽകാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടർമാരായ ദമ്പതിമാർ പരാതി നൽകിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയൽവാസികൂടിയാണ് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ ഉയർന്ന പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങൾ പുറത്തായത്. യുവനേതാവ് ഒറ്റയ്ക്കാവില്ല ഇടപാട് നടത്തിയതെന്ന സംശയവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു കോക്കസ് പ്രവർത്തിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം. റിയാസിലൂടെ പാർട്ടിനേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനൽകാമെന്നു വിശ്വസിപ്പിച്ചാണ് പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്തതെന്നാണ് പരാതി.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ചുള്ള ചില കച്ചവടങ്ങളും മധ്യസ്ഥചർച്ചകളും നിയന്ത്രിക്കുന്നത് കുറച്ച് നേതാക്കൾ ഉൾപ്പെട്ട കോക്കസാണെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആരോപണം. വൻകിട റിയൽ എസ്റ്റേറ്റ് ഇടനിലക്കാർവരെ ഇക്കൂട്ടത്തിലുണ്ടെന്നും ചില നേതാക്കൾ ഇവരിൽനിന്ന് വഴിവിട്ട സഹായങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഒരു വിഭാഗം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button