ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമയും. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് ഇരുവരുടെയും അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം.
ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക. ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല.
എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വേണ്ടി കോഹ്ലി അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കോഹ്‌ലി 59 പന്തില്‍ 76 റണ്‍സാണ് അടിച്ചുകൂട്ടിയത്. ‘ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതില്‍ കപ്പുയര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കുന്നു. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്’, മത്സരത്തിന് ശേഷം കോഹ്‌ലി പറഞ്ഞു.
Post Your Comments