പാനൂർ ബോംബ് സ്ഫോടനകേസ്: ഗുരുതരാവസ്ഥയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

സ്ഫോടനത്തിൽ ഇടത്‌ കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരിക്കേറ്റ് ഒരുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രതി പോലീസ് നിരീക്ഷണത്തിലാണ്.

ആശുപത്രി വിടുന്നതോടെ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റിലായി. ബോംബ് നിർമാണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് വിനീഷെന്ന് അന്വേഷണസംഘം പറഞ്ഞു. ഏപ്രിൽ അഞ്ചിന് പുലർച്ചെ 1.30-ഓടെയാണ് കുന്നോത്തുപറമ്പ് മൂളിയാംതോടിൽ നിർമാണത്തിലിരുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്.

Share
Leave a Comment