മുംബൈ: ചോദ്യം ചെയ്യാൻ മഹാരാഷ്ട്ര സൈബർ ടീമിൽ ഹാജരാകണമെന്ന് തമന്ന ഭാട്ടിയ്ക്ക് നോട്ടീസ്. ഐപിഎൽ മത്സരങ്ങൾ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തെന്ന കേസിലാണ് നടി തമന്ന ഭാട്ടിയക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് നടിയ്ക്ക് നോട്ടീസയച്ചത്. ഏപ്രില്‍ 29ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.
കേസില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 23ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന് പുറത്തായതിനാൽ സഞ്ജയ് ദത്ത് ഹാജരായില്ല. മറ്റൊരു ദിവസവും സമയവും സഞ്ജയ് ആവശ്യപ്പെട്ടതായാണ് വിവരം. ആ തീയതിയിൽ താൻ ഇന്ത്യയിൽ ഉണ്ടായിരുന്നില്ലെന്ന് താരം വിശദീകരിച്ചു.
ആരോപണവിധേയമായ നടപടി വയാകോമിന് കാര്യമായ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചതായി റിപ്പോർട്ടുണ്ട്. ഏപ്രിൽ 29 ന് മഹാരാഷ്ട്രയിലെ സൈബർ സുരക്ഷയ്ക്കും സൈബർ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡൽ ഏജൻസിക്ക് മുമ്പാകെ നടി ഹാജരാകണം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മീഡിയ സബ്സിഡിയറിയായ വയാകോം 18 ന് ഡൽഹി ഹൈക്കോടതി നേരത്തെ സുപ്രധാനമായ നിയമ വിജയം നൽകിയിരുന്നു. മാർച്ചിൽ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ അനധികൃതമായി സ്ട്രീം ചെയ്യുന്നതിൽ നിന്ന് ഒന്നിലധികം വെബ്‌സൈറ്റുകളെ തടഞ്ഞുകൊണ്ട് മീഡിയ കമ്പനിക്ക് അനുകൂല വിധി വന്നിരുന്നു.
Post Your Comments