ഉദാഹരണം സുജാതയായി ഗംഗാദേവി: കോളജിലെ തൂപ്പുകാരി ഡി​ഗ്രിയും പിജിയുമെടുത്തു, ലക്ഷ്യം കോളേജ് അധ്യാപികയാകാൻ

തൂപ്പുജോലിക്കാരിയിൽ നിന്നും കോളജ് അധ്യാപികയാകാൻ പരിശ്രമിക്കുന്ന ഒരു വീട്ടമ്മ മാതൃകയാവുകയാണ്. കോഴിക്കോട് ദേവഗിരി കോളേജിലെ തൂപ്പുകാരി ​ഗം​ഗാദേവിയാണ് തന്റെ നിശ്ചയാർഢ്യം ഒന്നുകൊണ്ട് മാത്രം ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. ദേവഗിരി കോളേജിൽ തൂപ്പുജോലി ചെയ്യുന്നതിനിടെയാണ് ​ഗം​ഗ പ്രൈവറ്റായി പഠിച്ച് മലയാളത്തിൽ ഡിഗ്രിയും പി.ജിയുമെടുത്തത്. ഇപ്പോഴിതാ, നെറ്റ് എഴുതാനുള്ള പരിശീലനത്തിലാണ് ​ഗം​ഗാദേവി.

മഞ്ജുവാര്യർ അഭിനയിച്ച ‘ഉദാഹരണം സുജാത’ എന്ന സിനിമകഥയെ പോലും വെല്ലുന്നതാണ് ​ഗം​ഗാദേവിയുടെ ജീവിതം. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയാണ് സി.എം നിവാസിൽ ഗംഗാദേവി. അധ്യാപികയാകുക എന്നതായിരുന്നു ​ഗം​ഗയുടെ ചെറുപ്പം മുതലേയുള്ള ആ​ഗ്രഹം. എന്നാൽ, വിധി അതിന് അനുവദിച്ചില്ല. പ്രീഡി​ഗ്രി വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് വിവാഹം ഭർത്താവ് സുധീഷ് പെയിന്റിംഗ് തൊഴിലാളിയാണ്.

തുടർന്ന്, ദേവഗിരി കോളേജിൽ തൂപ്പുകാരിയായി എത്തി. 18 വർഷമായി ഗംഗ ദേവഗിരിയിൽ തൂപ്പുകാരിയായിട്ട്. രാവിലെ ഏഴരയ്ക്ക് കോളേജിലെത്തും. വൈകിട്ട് അഞ്ചിന് മടങ്ങും. ഇതിനിടയിലാണ് തന്റെ മോഹത്തെ കുറിച്ച് ​ഗം​ഗ കോളജിലെ അധ്യാപകരോടും പ്രിൻസിപ്പലിനോടും പറയുന്നത്.

വെറുമൊരു തൂപ്പുകാരിയുടെ മോഹം എന്ന് കോളജ് പ്രിൻസിപ്പലും അധ്യാപകരും ​ഗം​ഗ ദേവിയുടെ ആ​ഗ്രഹത്തെ പുച്ഛിച്ച് തള്ളിയില്ല. പകരം പ്രോത്സാഹനം നൽകി ഒപ്പം നിന്നു. അങ്ങനെ, പഴയ പ്രീഡി​ഗ്രിക്കാരി ഡി​ഗ്രിക്ക് ചേർന്നു. 10 വർഷത്തിന് ശേഷം ​ഗം​ഗ പഠനം വീണ്ടും തുടങ്ങി.കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്താണ് ബി.എയും എം. എയും പാസായത്. നെറ്റും പാസാകണമെന്ന ദൃഢനിശ്ചയത്തിലാണിപ്പോൾ ഗംഗാദേവി.

താൻ തൂപ്പുകാരിയായി ജോലി ചെയ്യുന്ന അതേ കോളജിലാണ് മകൾ നീതു ബോട്ടണി എം എസ്‌ സി പഠിക്കുന്നത്. അമ്മയുടെ നേട്ടത്തിൽ നീതുവിന് അഭിമാനമാണ്. തനിക്ക് പ്രചോദനമായത് മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയെന്ന സിനിമയാണെന്ന് ഗംഗാദേവി പറയുന്നു. എവിടെയെങ്കിലും എത്തണമെന്ന വാശി തനിക്കുമുണ്ടായി. ഒരിക്കലവർ കോളേജിൽ വന്നിട്ടുണ്ട്. അന്ന് കാണാൻ കഴിയാത്തത് സങ്കടമായിരുന്നു. ഒരിക്കൽ കാണണമെന്നുണ്ടെന്നും ഗംഗാദേവി പറഞ്ഞു.

Share
Leave a Comment