ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് പെസഹ വ്യാഴം. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഭക്തിപൂർവ്വം ആചരിക്കുന്ന ദിനങ്ങളിൽ ഒന്നാണ് പെസഹ വ്യാഴം. യേശുദേവന്റെ കുരിശു മരണത്തിന് മുൻപ് തൻ്റെ 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ കൂടിയാണ് ഓരോ പെസഹ വ്യാഴവും. അതേസമയം, കുരിശു മരണത്തിന്റെ സ്മരണയിൽ നാളെ ദുഃഖവെള്ളിയും, ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഞായറാഴ്ച ഈസ്റ്ററും ആചരിക്കും. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നതാണ്.
പെസഹ വ്യാഴ ദിവസം ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാൽ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം. അന്ത്യ അത്താഴത്തിന് മുൻപ് യേശുക്രിസ്തു ശിഷ്യന്മാരുടെ പാദം കഴുകിയിരുന്നു. ഇതിന്റെ ഓർമ്മയ്ക്കായാണ് ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാൽകഴുകൽ ശുശ്രൂഷ. തുടർന്ന് അപ്പം മുറിക്കൽ ചടങ്ങും നടക്കുന്നതാണ്. പുളിപ്പില്ലാത്ത അപ്പമാണ് മുറിക്കുക. അന്ത്യ അത്താഴവേളയിൽ യേശുക്രിസ്തു ചെയ്തത് പോലെ ക്രിസ്ത്യൻ ഭവനങ്ങളിൽ പെസഹ അപ്പം മുറിക്കുകയും പെസഹ പാൽ കുടിക്കുകയും ചെയ്യുന്നു. ഉഴുന്നും അരിയും തേങ്ങയും പഞ്ചസാര/ശർക്കര എന്നിവയുമാണ് പെസഹ അപ്പത്തിന്റെ പ്രധാന കൂട്ട്.
Post Your Comments