മൂന്നാറിലെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് പത്തനംതിട്ട സ്വദേശിനി

ഇടുക്കി: ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജ്യോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read Also: ജിയോയിൽ ജോലി നേടാൻ അവസരം! സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റിക്രൂട്ട്മെന്റ്, തീയതി അറിയാം

കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയില്‍ പഴയ മൂന്നാര്‍ സി.എസ്.ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്ന് ഭര്‍ത്താവ് കുളിക്കാന്‍ ബാത്ത്‌റൂമില്‍ കയറിയ സമയത്തായിരുന്നു സംഭവം. യുവതി മുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.

ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഉച്ചയോടെ മുറിയില്‍ മടങ്ങി എത്തിയ ശേഷമായിരുന്നു സംഭവം. ഭര്‍ത്താവ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പരിശോധനകള്‍ നടത്തി. രണ്ടു വയസ്സ് പ്രായമായ മകനും മുറിയില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

Share
Leave a Comment