തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തിരമായി വിതരണം ചെയ്യാൻ നിർദ്ദേശം. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലാണ് അധികൃതർക്ക് നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ് കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സ്കൂളുകൾക്കുള്ള അരി വിതരണം സപ്ലൈകോ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളിലെയും മന്ത്രിമാർ ചർച്ച നടത്തിയത്. പദ്ധതിക്കായുള്ള നാലാം പാദത്തിലെ അരി എഫ്സിഐയിൽ നിന്ന് സപ്ലൈകോ അടിയന്തിരമായി സംഭരിക്കേണ്ടതാണ്.
അരി കുറവുള്ള സ്കൂളുകളിൽ അവ ഉടൻ ലഭ്യമാക്കാനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും, സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ, സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന കുത്തരി ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകാൻ യോഗത്തിൽ തീരുമാനമായി. പൊതു വിദ്യാഭ്യാസ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Post Your Comments