ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി,ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും:ഫാറൂഖ് അബ്ദുള്ളയുടെ

ശ്രീനഗര്‍: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തന്നെ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘സീറ്റ് വിഭജനം സംബന്ധിച്ച് പറയുകയാണെങ്കില്‍, നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് തന്നെ മത്സരിക്കും, അതില്‍ യാതൊരു സംശയവുമില്ല,’ വാര്‍ത്താ സമ്മേളനത്തിനിടയില്‍ അബ്ദുള്ള പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേരുമെന്നും സൂചനയുണ്ട്.

Read Also: തൃപ്പൂണിത്തുറ സ്ഫോടനം: അപകട സ്ഥലം സന്ദർശിച്ച് സബ് കളക്ടർ, റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ നാഷണല്‍ കോണ്‍ഫറന്‍സ് അതിന്റെ മികവില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി അധികാരത്തിലിരിക്കുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്‍ഡിഎയുടെ ഭാഗമായിരുന്നു.

ഇന്ത്യാ ബ്ലോക്കും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള വിള്ളലുകള്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ ദൃശ്യമാണ്. സീറ്റ് വിഭജന ഫോര്‍മുല ഉടന്‍ തീരുമാനിച്ചില്ലെങ്കില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേക സഖ്യം രൂപീകരിക്കുമെന്ന് ജനുവരിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് തവണ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ഫാറൂഖ് അബ്ദുള്ള ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്ന അദ്ദേഹം പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല.

 

Share
Leave a Comment