ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭരതരത്‌ന പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനി. രാജ്യം നൽകിയ ആദരത്തിന് ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹം നന്ദി അറിയിച്ചു. ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതിൽ പ്രതികരണവുമായി അദ്വാനിയുടെ മക്കളും രംഗത്തെത്തി. അദ്ദേഹം വളരെ സന്തോഷവാനാണെന്ന് അദ്വാനിയുടെ മകൻ ജയന്ത് അദ്വാനി പറഞ്ഞു. പിതാവിനെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ സന്തോഷംമുണ്ടെന്നും മകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യത്തിനായി ജീവിതകാലം മുഴുവൻ ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും ഈ സന്തോഷ നിമിഷത്തിൽ, ഈ ആദരത്തിന് രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും നന്ദി പറയുന്നുവെന്നും അദ്വാനിയുടെ മകൾ പ്രതിഭ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എൽ കെ അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകുമെന്ന് പ്രഖ്യാപിച്ചത്. എൽ കെ അദ്വാനിയ്ക്ക് ഭാരതരത്‌ന നൽകി ആദരിക്കുന്ന കാര്യം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബഹുമതിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി തന്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽ കെ അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മാരകമാണ്. താഴേത്തട്ടിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചനിറഞ്ഞതുമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments