അരളി പൂവ് സേഫ് അല്ലെന്ന മുന്നറിയിപ്പുമായി വനം വകുപ്പ്. ക്ഷേത്രങ്ങളിൽ നിവേദ്യത്തിനടക്കം അരളി പൂവ് ഉപയോഗിക്കാറുണ്ട്. വിഷാംശമുള്ള ഈ സസ്യവും പൂവും ശരീരത്തിനകത്ത് എത്തിയാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ക്ഷേത്രങ്ങളിലെ നിവേദ്യത്തിനും പൂക്കളത്തിനും അരളി പൂവ് തേടി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ട്. മനുഷ്യ ശരീരത്തിലെത്തിയാൽ ഹാനികരമാണത്. അരളിച്ചെടിയുടെ ഭാഗങ്ങൾ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാൽ നിർജലീകരണം, ഛർദി, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. വലിയ അളവിലായാൽ ഗുരുതര അവസ്ഥക്കും കാരണമാകും. മിക്ക ക്ഷേത്രങ്ങളിലും അരളി ഉപയോഗിക്കുന്നുണ്ട്. ഇതോടെയാണ് മുന്നറിയിപ്പുമായി വന ഗവേഷകർ രംഗത്തെത്തിയത്.
നീരിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. ഇവയുടെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകാറുള്ളത്. ഇവ മനുഷ്യ ശരീരത്തിൽ എത്തിയാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. തെച്ചി പൂവിന്റെ ലഭ്യത കുറഞ്ഞതോടെയാണ് ക്ഷേത്രങ്ങളിൽ നിവേദ്യത്തിനും അർച്ചനയ്ക്കുമായി അരളി പൂവ് ഉപയോഗിച്ച് തുടങ്ങിയത്.
Leave a Comment