തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോടുപമിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിലാണെന്നും സ്തുതികൾ എല്ലാം കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാൽ കരിഞ്ഞു പോകും. ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാറയക്കും. 58 വെട്ടുവെട്ടി കരിയിച്ചുകളയും. സ്തുതി പാഠകരുടെ ഇടയിൽപ്പെട്ട എല്ലാ ഭരണാധികാരികൾക്കും പറ്റിയതുതന്നെ പിണറായിക്കും പറ്റി. സി.പി.എം എത്രമാത്രം ജീർണിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ പാട്ട്’, സതീശൻ പരിഹസിച്ചു.
കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേതെന്നായിരുന്നു ഇന്നലെ ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടേത് സംശുദ്ധ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറയുന്നു. ഇതിനായി കുടുംബശ്രീയാണ് ഗോവിന്ദൻ ചൂണ്ടിക്കാട്ടുന്നത്.
Leave a Comment