പാറ്റ്ന : ബീഹാറിലും യുപിയിലും ഉള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആൾക്കാർ തമിഴ്‌നാട്ടിൽ വന്ന് കൂലിപ്പണി ചെയ്യുകയും കക്കൂസ് വൃത്തിയാക്കുകയും ആണ് ചെയ്യുന്നത് എന്ന് പറഞ്ഞ ദയാനിധി മാരനെതിരെ വക്കീൽ നോട്ടീസ് അയച്ച് ബീഹാറിലെ കോൺഗ്രസ് നേതാവ് ചന്ദ്രികാ യാദവ്. ദയാനിധി മാരൻ 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും എന്നാണ് വക്കീൽ നോട്ടീസിലുള്ളത്.
‘തമിഴ്‌നാട്ടിൽ ഉള്ളവർ ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് മാത്രമാണ് ഇന്ന് ഐടി കമ്പനികളിൽ വലിയ ശമ്പളം വാങ്ങുന്നത് . ‘ഹിന്ദി ഹിന്ദി’ എന്ന് കരയുന്നവർ എന്താണ് തമിഴ്‌നാട്ടിൽ ചെയ്യുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം . ബീഹാറിൽ ഹിന്ദി മാത്രം പഠിക്കുന്നവർ തമിഴ്‌നാട്ടിൽ ഞങ്ങൾക്കായി വീടുകൾ പണിയുന്നു, റോഡുകൾ തൂത്തുവാരി വൃത്തിയാക്കുന്നു, കക്കൂസ് വൃത്തിയാക്കുന്നു’- ഇതായിരുന്നു മാരൻ പറഞ്ഞത്.
തന്റെ വ്യക്തിപരമായ താല്പര്യത്തിലാണ് താൻ പ്രവർത്തിച്ചതെന്നും വക്കീൽ നോട്ടീസിന് ബിഹാർ കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും മുൻ നിയമസഭാംഗമായ യാദവ് പറഞ്ഞു. കോൺഗ്രസ് നേതാവെന്ന നിലയിൽ അല്ല ഞാൻ പരാതി നൽകിയത്. മാരന്റെ പരാമർശം ബിഹാറികളുടെ ആത്മാഭിമാനത്തിനും അഭിമാനത്തിനും നേരെയുള്ള ആക്രമണമാണെന്ന് എനിക്ക് തോന്നി, വിവിധ സംസ്ഥാനങ്ങളുടെ വികസനത്തിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയവർ ആണ് ബിഹാറികൾ , ചന്ദ്രികാ യാദവ് പറഞ്ഞു.
മാരൻ ചുറ്റും നോക്കിയാൽ ബ്യൂറോക്രസിയിലും മറ്റും അഭിമാനകരമായ പദവികൾ വഹിക്കുന്ന ബിഹാറികളെ കാണുമെന്നും ചന്ദ്രിക യാദവ് പറഞ്ഞു. ‘ഒരു ബിഹാറിയാണ് അടുത്ത കാലം വരെ തമിഴ്‌നാട്ടിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി). തെലങ്കാനയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ബീഹാറിൽ നിന്നും ഉണ്ട്,’ കോൺഗ്രസ് നേതാവ് പറഞ്ഞു.
Leave a Comment