ആൽവിനെ മരണം കവർന്നത് അപ്രതീക്ഷിതമായി, എത്തിയത് സർട്ടിഫിക്കറ്റ് വാങ്ങാൻ, നഷ്ടമായത് ഒരു കുടുംബത്തിന്റെ ആശ്രയം

പാലക്കാട്: മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫിനെ അപ്രതീക്ഷിതമായാണ് മരണം കവര്‍ന്നെടുത്തത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സുഹൃത്തിനൊപ്പം ആല്‍വിന്‍ കൊച്ചിയിലേക്ക് പോയത്. എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയെ കാണാനും കുസാറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനുമായിരുന്നു യാത്ര. സഹോദരിയെ കണ്ട ശേഷമാണ് കുസാറ്റില്‍ നടക്കുന്ന സംഗീത നിശ കാണാനായി ആല്‍വിന്‍ പോയത്.

കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ഫയർ ആന്റ് സേഫ്റ്റി കോഴ്സ് പഠിച്ച ആൽവിൻ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. കുസാറ്റിൽ ആൽവിന് സൗഹൃദങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് ​ഗാനമേള കേൾക്കാൻ ആൽവിൻ അവിടെ നിന്നത്. ജോലിക്കായി ഗള്‍ഫില്‍ പോകാനിരിക്കുകയായിരുന്നു ആൽവിൻ. നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്നതിനിടെയാണ് ഗള്‍ഫിലെ ജോലിക്കായി ശ്രമിച്ചിരുന്നത്. ആല്‍വിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ആശ്രയമറ്റിരിക്കുകയാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ആല്‍വിന്റേത്. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ് ആല്‍വിന്റെ പിതാവ് ജോസഫ്. കേരളാ ബാങ്കില്‍ നിന്നെടുത്ത നാല് ലക്ഷത്തോളം രൂപയുടെ ബാധ്യത കുടുംബത്തിനുണ്ട്. ഇത് തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. മക്കളുടെ പഠനത്തിനായി ആല്‍വിന്റെ പിതാവ് എടുത്തതാണ് ഈ വായ്പ.  ഗള്‍ഫില്‍ ജോലിക്ക് പോയി ഈ വായ്പ അടച്ച് തീര്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആല്‍വിന്‍. ആൽവിന്റെ വിയോഗത്തോടെ ഒരു കുടുംബത്തിന്റെ കുടുംബത്തിന്റെ താങ്ങും തണലുമാണ് നഷ്ടമായത്.

 

Share
Leave a Comment