സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിച്ചു വരുകയാണ്. അന്തരീക്ഷ താപനില വർദ്ധിച്ച തോതിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നതിനാൽ, മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത ഏറെയാണ്.
അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.
ലക്ഷണങ്ങള്‍…
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം. ഫലങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.
മുതിർന്ന പൗരന്മാർ (65 വയസിനു മുകളിൽ), കുഞ്ഞുങ്ങൾ (4 വയസ്സിനു താഴെയുള്ളവർ), ഗുരുതരമായ രോഗം ഉളളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Post Your Comments