തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. മദ്യപിച്ചെത്തിയ സംഘം പോലീസിന് നേരെ കല്ലെറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായത്. രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്ന് രാത്രി സമയത്ത് മാനവീയം വീഥിയിൽ മൈക്ക് ഓഫ് ചെയ്യണമെന്ന് പോലീസിന് നിർദ്ദേശമുണ്ടായിരുന്നു. ഇത് അംഗീകരിക്കാൻ ആദ്യം ഒരു കൂട്ടർ തയ്യാറായിരുന്നില്ല. പിന്നീട് സംഘങ്ങൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ പോലീസ് ഇടപെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതോടെ സംഘം പോലീസിന് നേരെ കസേരകൾ എടുത്തെറിഞ്ഞു. അതിന് ശേഷമാണ് പോലീസിന് നേരെ കല്ലേറുണ്ടാകുന്നത്.
പോലീസിന് നേരെ ഉണ്ടായ കല്ലേറിൽ ഒരു യുവതിയ്‌ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്കാണ് പരിക്കേറ്റത്. തുടർന്ന് യുവതിയെ പേരൂർക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാക്കി സർക്കാർ പ്രഖ്യാപിച്ച മാനവീയം വീഥിയിലെ സംഘർഷങ്ങൾ വലിയ പ്രശ്‌നങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പോലീസിനും മാനവീയം വീഥിയിലെ സംഘർഷങ്ങൾ വലിയ തലവേദനായി മാറിയിരിക്കുകയാണ്. മദ്യപിച്ചെത്തുന്ന സംഘങ്ങളാണ് ഇതിൽ കൂടുതൽ പ്രശ്‌നക്കാരെന്നും പോലീസ് പറയുന്നു.
Post Your Comments