കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ്.
തിരു (തമിഴിലെ ബഹുമാന പദം) ശിവന്റെ (വടക്കുംനാഥനെ ഉദ്ദേശിച്ച്) പേരൂർ/പെരിയഊര് -തിരുശിവപേരൂർ- എന്ന പദം കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നായി മാറുകയും ചെയ്തതായി പറയപ്പെടുന്നു. 1947 ജൂലൈ 14 ന് ആണ് തൃശ്ശൂർ ജില്ല നിലവിൽ വന്നത്. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയുന്നത് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ്. അവിടെത്തന്നെയാണ് പ്രസിദ്ധമായ കൊടുങ്ങല്ലൂർ കുരുംബ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നതും.
ആഘോഷങ്ങൾ:
തൃശ്ശൂർ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.
ഐതിഹ്യം:
ഐതിഹ്യത്തിൽ കേരളോല്പത്തിപോലെ തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെടുത്തി ഐതിഹ്യം പ്രചരിച്ചിരിക്കുന്നു. പരശുരാമൻ ക്ഷണിച്ചതനുസരിച്ച് പാർവ്വതി, ഗണപതി, സുബ്രമണ്യ സമേതനായി ശിവൻ തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്റെ കാള (വൃഷഭം) നിന്ന സ്ഥലമാകയാൽ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസസ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ് കേരളോല്പത്തിയിൽ പറയുന്ന കഥ.
വ്യവസായ കേരളത്തിൽ തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാരത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂർ സ്വർണ്ണ വ്യാപാരത്തിന് പേരു കേട്ട സ്ഥലമാണ്. ഒപ്പം തുണി വ്യവസായത്തിനും പേര് കേട്ട സ്ഥലം തന്നെ. തിരുവില്വാമല, കൊണ്ടാഴി, കുത്താമ്പുള്ളി എന്നീ കേന്ദ്രങ്ങളിൽ നിർമ്മിച്ചുവരുന്ന കൈത്തറി തുണിയിനങ്ങൾ ലോകപ്രസിദ്ധമാണ്. കേരളത്തിലെ ആദ്യത്തെ തടി മില്ല് തൃശ്ശൂർ ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത്.
തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരുന്നു. തൃശ്ശൂർ ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായിരുന്ന ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ:
നെഹ്രുപാർക്ക്
ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
ഡ്രീം വേൾഡ് വാട്ടർ പാർക്ക്
സിൽ വർ സ്റ്റോം വാട്ടർ തീം പാർക്ക്
അതിരപ്പിള്ളി വെള്ളച്ചാട്ടം
ചാവക്കാട് ബീച്ച്
Post Your Comments