KeralaLatest NewsNews

പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ആശംസകൾ: വിഎസിന് പിറന്നാളാശംസ നേർന്ന് കെ കെ ശൈലജ

തിരുവനന്തപുരം: വി എസിന് പിറന്നാളാശംസ നേർന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ഐക്യകേരള രൂപീകരണത്തിന് ശേഷം നിയമസഭാ സാമാജികനായി, മുഖ്യമന്ത്രിയായി, പ്രതിപക്ഷ നേതാവായെല്ലാം അദ്ദേഹം നടത്തിയ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ ശ്രദ്ധേയമായ ഏടുകളാണ്. എട്ട്പതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതം തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയുടെയും, വികാസത്തിന്റെയും അടയാളങ്ങൾ കൂടിയാണെന്ന് ശൈലജ വ്യക്തമാക്കി.

Read Also: ലോകത്തിലെ എല്ലാ മലയാളികൾക്കും ഒപ്പം ആരോഗ്യവും സന്തോഷവും നേരുന്നു: വി എസിന് പിറന്നാളാശംസകൾ നേർന്ന് എം വി ഗോവിന്ദൻ

ചെറുപ്പത്തിൽതന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വി എസ് 11-ാം വയസിൽ കയർതൊഴിലാളിയായി ജീവിതം മുന്നോട്ട് നയിച്ചു. കയർഫാക്ടറി തൊഴിലാളിയായിരിക്കെ കൃഷ്ണപ്പിള്ളയെ കണ്ടുമുട്ടിയതിലൂടെ ലഭിച്ച രാഷ്ട്രീയബോധ്യങ്ങളിൽ നിന്നുമാണ് വി എസ് രാഷ്ട്രീയ ജീവിതവഴിയിലേക്കെത്തുന്നത്. കയർതൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ ജീവിതമാരംഭിച്ച വി എസ് എല്ലാ കാലത്തും അധ്വാനിക്കുന്നവന്റെ വിയർപ്പിനും കണ്ണീരിനുമൊപ്പം നിന്ന നേതാവാണ്. കയർ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയുമെല്ലാം സംഘടിപ്പിക്കുകയും അവരിൽ അവകാശബോധം പകർന്ന് നൽകുകയും ചെയ്ത വി എസ് പിൽക്കാലത്ത് കർഷകരുടെ എറ്റവും വലിയ സമരസംഘടനയായ കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റെയും ആദ്യ രൂപമായ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയന്റെ രൂപീകരണത്തിലും നേതൃപരമായ പങ്കുവഹിച്ചു.

ഈ അനുഭവങ്ങളുടെയെല്ലാം കരുത്തിൽ കേരളത്തിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വിഎസ് ഉയർന്നു. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ നേതൃനിരയിൽ നിന്ന് സഖാവ് തൊഴിലാളി വർഗ്ഗ, കർഷക സമരങ്ങളുടെ പതാകവാഹകനായി. സമരത്തെ തുടർന്നുണ്ടായ പൊലീസ് വേട്ടയ്ക്ക് പിന്നാലെ ദീർഘകാലം ഒളിവിൽ പ്രവർത്തിച്ച സഖാവ് പിടിക്കപ്പെട്ടപ്പോൾ പൊലീസിന്റെ ക്രൂരമായ മൂന്നാംമുറയ്ക്കും വിധേയനായി.

1940 ൽ തന്റെ 17-ാം വയസിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ പ്രവർത്തനം നയിച്ച സഖാവ് പിന്നീടിങ്ങോട്ട് കേരളത്തിൽ സിപിഐഎം കെട്ടിപ്പടുക്കുന്നതിലും തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ സിപിഐഎമ്മിനെ വലിയ രാഷ്ട്രീയ ശക്തിയായി വളർത്തുന്നതിലും നിർണായകമായ പങ്കുവഹിച്ചു. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായതിനെത്തുടർന്ന് ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരണത്തിന് നേതൃത്വം നൽകിയ 32 പേരിൽ കേരളത്തിലിന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് സഖാവ് വി എസ്.

സാമൂഹ്യ-രാഷ്ട്രീയ ജിവിതത്തിലുടനീളം കർഷകരും,തൊഴിലാളികളുമുൾപ്പെടുന്ന നിസ്വവർഗ്ഗത്തിന്റെ ഉറ്റതോഴനായി വി എസ് നിലകൊണ്ടു, നീട്ടിക്കുറുക്കിയുള്ള സംസാരശൈലികൊണ്ട് രാഷ്ട്രീയ എതിരാളികളുടെ വിമർശനങ്ങളുടെ മുനയൊടിച്ചു. വി എസിന്റെ ജീവിതമടയാളപ്പെടുത്തുന്നത് കേരളം രൂപീകരിക്കപ്പെട്ടൊരു നൂറ്റാണ്ടിന്റെ തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളെക്കൂടിയാണ്. വി എസ് എന്ന വിപ്ലവകാരിക്ക് ഓരോമലയാളിയുടെയും മനസിൽ സവിശേഷമായ സ്ഥാനമാണുള്ളത്. പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് കെ കെ ശൈലജ കൂട്ടിച്ചേർത്തു.

Read Also: റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button