ടെൽ അവീവ്: ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് തീർത്ത ചോരക്കളത്തിന്റെ വിറയൽ ഇപ്പോഴും ഒരു ഞെട്ടലോടെയല്ലാതെ ഓർക്കാനാകില്ല. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയിരങ്ങളിൽ ഒരാളാണ് ഫ്രഞ്ച്-ഇസ്രായേലി എയർപോർട്ട് ജീവനക്കാരിയായ കരിൻ ജോർണോ. 24 വയസായിരുന്നു ഇവർക്ക്. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്തെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവർ ടിക്കറ്റ് മറ്റൊരാൾക്ക് വിറ്റു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. എന്നാൽ, കുറച്ച് ദിവസം കഴിഞ്ഞതോടെ ആരോഗ്യം മെച്ചപ്പെട്ടു. പിന്നാലെ യുവതി പുതിയ ഒരു ടിക്കറ്റ് എടുത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. മരണത്തിലേക്കുള്ള ടിക്കറ്റാണ് താൻ എടുക്കുന്നതെന്ന് അപ്പോൾ അവൾ അറിഞ്ഞിരുന്നില്ല.
യാത്ര ഏറെ ഇഷ്ടപ്പെടുന്ന 24 കാരിയായ ഫ്രഞ്ച്-ഇസ്രായേലി എയർപോർട്ട് ജീവനക്കാരി ഫെസ്റ്റിവലിനെ കുറിച്ച് അറിഞ്ഞത് അവളുടെ ഒരു കൂട്ടം സുഹൃത്തുക്കളിൽ നിന്നാണ്. രാത്രിയിൽ നൃത്തം ചെയ്യാൻ പുറപ്പെടുന്നതിന് മുമ്പ്, അവൾ പാർട്ടി മൂഡിലുള്ള ഒരു ഫോട്ടോ എടുത്തു. കറുത്ത ഷോർട്ട്സും കറുത്ത ഹാൾട്ടർ ടോപ്പും ആയിരുന്നു യുവതി അണിഞ്ഞിരുന്നത്. പൊടി നിറഞ്ഞ വയലിൽ ഇലക്ട്രോണിക് സംഗീതത്തിന്റെ ആഹ്ലാദകരമായ രാത്രി, അതായിരുന്നു അവളും സുഹൃത്തുക്കളും കരുതിയിരുന്നത്.
ഹമാസ് ഭീകരർ സ്ഥലത്തേക്ക് ഇരച്ചെത്തിയപ്പോൾ ഭയത്തോടെ ഒരു സുഹൃത്തിനൊപ്പം കാറിന്റെ പിന്നിൽ അഭയം പ്രാപിക്കുകയായിരുന്നു യുവതി. ആഘോഷങ്ങളുടെ ലൈവ് വീഡിയോ പകർത്തുന്നതിനിടെയാണ് സംഭവം. യുവതി ക്യാമറ ഓഫ് ചെയ്തിരുന്നില്ല. പശ്ചാത്തലത്തിൽ സ്ഫോടനങ്ങളുടെ ശബ്ദം കേൾക്കാം. ശേഷം ദൃശ്യങ്ങൾ വ്യക്തമല്ല. ആ ശനിയാഴ്ച രാവിലെ 8.43 ന് അവൾ തന്റെ പ്രിയപ്പെട്ടവർക്ക് ഒരു സന്ദേശം അയച്ചു, ‘എന്റെ പ്രിയപ്പെട്ടവരേ… ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നുവെന്ന് പറയാൻ ആഗ്രഹിക്കുന്നു, കാരണം ഞാൻ വീട്ടിലേക്ക് വരുന്നില്ല’.
അവളുടെ അവസാന സന്ദേശമായിരുന്നു ഇത്. വാർത്തകൾക്കായി ഒരാഴ്ചയിലേറെ ബന്ധുക്കൾ കാത്തിരുന്നു. കരിൻ ഗാസയിൽ ബന്ദിയാണ് എന്നായിരുന്നു ആദ്യം കുടുംബക്കാർ കരുതിയിരുന്നത്. എന്നാൽ, അവളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇസ്രായേലി സൈന്യത്തിൽ നിന്ന് കുടുംബത്തിന് വിവരം ലഭിച്ചു. യുവതി അഭയം പ്രാപിച്ച ആംബുലൻസ് പിന്നീട് റോക്കറ്റിൽ ഇടിച്ചതായി സൈന്യം പറഞ്ഞു. ‘അവർ അവളെ കത്തിച്ചു’, അവളുടെ സഹോദരി മെയ്താവ് ജോർണോ ടെക്സ്റ്റ് സന്ദേശത്തിലൂടെ പറഞ്ഞു. കരിൻ ജോർണോയുടെ സംസ്കാരം ചൊവ്വാഴ്ച നടന്നു.
Leave a Comment