വാഷിങ്ടണ്‍: ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസ് നിരപരാധികളായ പലസ്തീന്‍ കുടുംബങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആരംഭിച്ച ഭീകരാക്രമണം ഹോളോകോസ്റ്റിനു ശേഷം ജൂതന്മാര്‍ അനുഭവിക്കേണ്ടി വന്ന ഏറ്റവും രക്തരൂക്ഷിതമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also; ഓപ്പറേഷൻ അജയ്: 11 കേരളീയർ കൂടി നാട്ടിൽ തിരിച്ചെത്തി
ബൈഡന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. എന്നാല്‍ ഗാസയിലേക്കുള്ള ഇസ്രയേലിന്റെ ബോംബാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ആക്രമണത്തില്‍ 2,200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരില്‍ നാലിലൊന്ന് പേരും കുട്ടികളാണെന്നും ഗാസ അധികൃതര്‍ അറിയിച്ചു. പതിനായിരത്തോളം പേര്‍ക്കാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്. രാത്രികാല വ്യോമാക്രമണത്തില്‍ പരുക്കേറ്റ് വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പത്തുലക്ഷം പേര്‍ വീടുവിട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
Leave a Comment