കോട്ടയം: അടിമാലി ടൗണിൽ പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ്(39) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇയാൾ മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ ഒൻപതിന് വൈകിട്ട് അഞ്ചോടെയാണ് അടിമാലി ടൗണിലെ ഹൈമാക്സ് ലൈറ്റിന് ചുവട്ടിൽ കുപ്പിയിൽ പെട്രോളുമായി എത്തിയ യുവാവ് സ്വയം ശരീരത്തിൽ ഒഴിച്ചതിന് ശേഷം തീകൊളുത്തിയത്. കണ്ടുനിന്ന നാട്ടുകാർ വെള്ളമൊഴിച്ചും ചാക്കു ഉപയോഗിച്ചും തീകെടുത്തി. എന്നാൽ, ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിരുന്ന യുവാവ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
Read Also : ‘മോശം പെരുമാറ്റം അരുത്, അവർ നമ്മുടെ അതിഥികളാണ്’: ഇന്ത്യൻ ആരാധകർക്ക് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്
ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വിവാഹം നടക്കാത്തതിൽ യുവാവ് ദുഃഖിതനായിരുന്നുവെന്നും ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments