മൈക്കിന് പ്രശ്‌നം വന്നാല്‍ തെറിവിളിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍: വിമര്‍ശിച്ച് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍

 

പാലാ: മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറി വിളക്കുന്നത് വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരുമാണെന്ന് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. അന്തസില്ലായ്മയും, പഠനമില്ലായ്മയും, വളര്‍ന്ന് വന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിന് കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേയും പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

Read Also: മരണശേഷം അല്ലാഹുവിന്റെ സന്നിധിയിൽ എത്തിയാൽ ഭയക്കുന്ന ചോദ്യമെന്ത്? – മമ്മൂട്ടിയുടെ മറുപടി വൈറൽ

സംസാരിക്കുന്നതിനിടെ മൈക്കിന് സാങ്കേതികപ്രശ്നങ്ങള്‍ വന്നതിന് പിന്നാലെ ഇരുവരുടേയും ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. പാലായില്‍ നടന്ന മൈക്ക് ആന്റ് ലൈറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഫാദറിന്റെ പരാമര്‍ശം.

‘ഇങ്ങനെ ഒരു വിലയുമില്ലാത്ത മനുഷ്യരാകരുത്. ഒരു മൈക്ക് ഓപ്പറേറ്ററും സ്വന്തം പരിപാടി ഉഴപ്പാന്‍ നോക്കില്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവര്‍ ഒരു പരിപാടി ഭംഗിയാക്കാന്‍ ശ്രദ്ധിക്കും. പക്ഷേ ഒരു വിവരവും ഇല്ലാത്ത ആളുകളുണ്ട്. മൈക്ക് അല്‍പ്പം കൂവിയാല്‍ അവനെ തെറിവിളിക്കുക. അത് സംസ്‌കാരമില്ലാത്തവരുടെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയായ രീതിയല്ല. അന്തസ്സില്ലായ്മയും, പഠനമില്ലായ്മയും, വളര്‍ന്നുവന്ന പശ്ചാത്തലവുമാണ് ഇതെല്ലാം കാണിക്കുന്നത്’, ഫാദര്‍ പുത്തന്‍പുരയ്ക്കല്‍ പരിഹസിച്ചു.

കഴിഞ്ഞ ജൂലൈയില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസ്സപ്പെട്ടതിന്റെ പേരില്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തിരുന്നു. ജനകീയ പ്രതിരോധജാഥയില്‍ മൈക്ക് ശരിയാക്കാന്‍ എത്തിയ ഓപ്പറേറ്ററെ എം.വി ഗോവിന്ദന്‍ പൊതുവേദിയില്‍ ശകാരിച്ച സംഭവവും വലിയ വിവാദമായിരുന്നു.

Share
Leave a Comment