ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മൂന്നാമത്തെ ആം ആദ്മി നേതാവാണ് അഴിമതി കേസില്‍ അകത്തായത്. തങ്ങളുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ച് അഴിമതിയെ തുടച്ചുനീക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ആംആദ്മിക്കും അരവിന്ദ് കെജ്രിവാളിനും വലിയ നാണക്കേടാണ് തങ്ങളുടെ നേതാക്കളുടെ അറസ്റ്റോടെ ഉണ്ടായിരിക്കുന്നത്.
അഴിമതി കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനാണ്. ആന്റി കറപ്ഷന്‍ ബ്യൂറോ ആണ് അമാനത്തുള്ളയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി വഖഫ് ബോര്‍ഡിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
രണ്ടാമത് അറസ്റ്റിലാകുന്നത് ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആംആദ്മി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്. സിബിഐ ആണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്ത എഎപി നേതാവായിരിക്കുകയാണ് സഞ്ജയ് സിങ്. എഎപി പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് എംപിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
Post Your Comments