Latest NewsNewsIndia

കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്‍റെ പരാതി; എസ്പി ഉൾപ്പെടെ 3 പൊലീസുകാർ അറസ്റ്റിൽ

ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. എസ്പി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മുക്ത്സർ എസ്പി രമൺദീപ് സിംഗ് ഭുള്ളർ, ഇൻസ്പെക്ടർ രമൺ കുമാർ കാംബോജ്, കോൺസ്റ്റബിൾമാരായ ഹർബൻസ് സിംഗ്, ഭൂപീന്ദർ സിംഗ്, ഗുർപ്രീത് സിംഗ്, ഹോം ഗാർഡ് ദാരാ സിംഗ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ എസ്പി ഭുള്ളർ, ഇൻസ്പെക്ടർ കാംബോജ്, കോൺസ്റ്റബിൾ ഹർബൻസ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സംഭവം. ലുധിയാന പൊലീസ് കമ്മീഷണർ മൻദീപ് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തില്‍ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സെപ്തംബര്‍ 14നാണ് അഭിഭാഷകന്‍ അറസ്റ്റിലായത്. അഭിഭാഷകർ പൊലീസ് സംഘത്തെ ആക്രമിക്കുകയും ചില ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇൻചാർജ് രമൺ കുമാർ കാംബോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മറ്റൊരാളെയും അഭിഭാഷകനൊപ്പം അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കാൻ സെപ്തംബർ 22ന് മുക്ത്സർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

പ്രകൃതിവിരുദ്ധ ലൈംഗികത, അനധികൃത തടവ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പൊലീസുകാര്‍ക്കെതിരെ ചുമത്തിയത്. അഭിഭാഷകന്റെ കസ്റ്റഡി പീഡന ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം പഞ്ചാബ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ബാർ അസോസിയേഷന്‍ സംഘം മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ചണ്ഡിഗഢിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പൊലീസുകാരെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button