കോട്ടയം: എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജൽജീവൻ മിഷനിൽ സംസ്ഥാനവിഹിതം അടയ്ക്കാൻ വൈകിയതോടെ പദ്ധതി സ്തംഭിച്ചു. സംസ്ഥാനവിഹിതമായ 330 കോടി രൂപ മാർച്ച് 31ന് മുമ്പായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. സംസ്ഥാനവും കേന്ദ്രവും പകുതിവീതം തുക മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ജോലികൾ ഏറ്റെടുത്ത കരാറുകാർക്ക് ഒരുമാസത്തെ പണമാണ് കുടിശ്ശികയുള്ളത്.
2024ൽ സംസ്ഥാനത്തെ 69.92 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. 35.53 ലക്ഷം വീടുകളിൽ വെള്ളമെത്തിച്ചു. 2020ൽ തുടങ്ങിയ പദ്ധതിയിൽ ഇനി 34.39 ലക്ഷം വീടുകളിൽക്കൂടി വെള്ളമെത്തിക്കണം.
ദേശീയപാതകൾ, വനമേഖല എന്നിവിടങ്ങളിൽ പൈപ്പിടുന്നതിനുള്ള അനുമതി ലഭിക്കാനുള്ള കാലതാമസം പദ്ധതിയെ ബാധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തിന്റെ സാമ്പത്തികപ്രയാസവും തിരിച്ചടിയായത്. സംസ്ഥാനവിഹിതം ഉൾപ്പെടുത്തിയാലേ കേന്ദ്രം വിഹിതം തരൂ.
Post Your Comments