തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ നടന്ന വന്‍ സ്വര്‍ണ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുനല്‍വേലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ സ്വര്‍ണമാണ് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പതിയിരുന്ന ആറംഗ അക്രമി സംഘം തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതികള്‍ക്കായി കോയമ്പത്തൂരിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
Read Also: ജി 20 ഉച്ചകോടിക്കിടെ അക്ഷര്‍ധാം ക്ഷേത്രം സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യയും
ഏഴ് കൊല്ലമായി തൃശൂര്‍ നഗരത്തില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ മൂന്നു കിലോ സ്വര്‍ണമാണ് ഇന്നലെ രാത്രി കവര്‍ച്ച ചെയ്തത്. തിരുനെല്‍വേലിയിലേക്കുള്ള ഓഡറായിരുന്നു.
രാത്രി പതിനൊന്നു മണിയോടെ സ്ഥാപനത്തില്‍ നിന്ന് രണ്ട് ബാഗുകളിലായി സ്വര്‍ണമെടുത്ത് സ്ഥാപന ഉടമ പ്രസാദും ജീവനക്കാരന്‍ റിന്റോയും റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. സ്ഥാപനത്തില്‍ നിന്നിറങ്ങി അമ്പത് മീറ്റര്‍ പിന്നിട്ടപ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ആറംഗ സംഘം ചാടിവീണു ബാഗ് കവര്‍ന്നു. കെഎസ്ആര്‍ടിസി റോഡിലേക്ക് കടന്ന് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിപ്പോയെന്നാണ് മൊഴി.
പ്രതികള്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ വ്യാജമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് തിരുനല്‍വേലിയിലേക്ക് പോകാനിരുന്ന പ്രസാദും ജീവനക്കാരനും ഇന്നലത്തേക്ക് പ്ലാന്‍ മാറ്റുകയായിരുന്നു. ചെന്നൈ എഗ്മോര്‍ ട്രെയിനിലാണ് പതിവായി ആഭരണങ്ങള്‍ കൊണ്ടുപോകാറുള്ളത്. ഇത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില്‍ 20 ജീവനക്കാരാനുള്ളത്. ഇവരുടെ ഫോണ്‍ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടക്കാനിടയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.
Leave a Comment