ജി 20 ഉച്ചകോടിക്ക് സമാപനം, 2024ലെ അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി

ന്യൂഡല്‍ഹി: നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറില്‍ G 20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. G20 യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് വിര്‍ച്വല്‍ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

Read Also: സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കള്‍ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കള്‍ രാജ്ഘട്ടില്‍ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.

സബര്‍മതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഷാളണിയിച്ച് മോദി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടില്‍ ഇത്രയും ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ആദരമര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തില്‍ അവസാന സെഷന്‍ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിന്റെയും പ്രസിഡന്റുമാര്‍ പ്രധാനമന്ത്രിക്ക് വൃക്ഷതൈകള്‍ സമ്മാനിച്ചു.

ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജി 20 അംഗങ്ങള്‍ക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിന്‍ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീത് നല്‍കിയാണ് പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗള്‍ഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വന്‍ നേട്ടമായി.

 

 

Share
Leave a Comment