Latest NewsKeralaNews

അറിയാം ഓണത്തിന്റെ ഐതീഹ്യം

ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെയും മലയാളനാടിന്റെയും ഉത്സവമാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളുണ്ട്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

ഒന്നിലധികം ഐതീഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. ഓണത്തിന്റെ പിന്നിലുള്ള ഐതീഹ്യം ബഹുഭൂരിപക്ഷം മലയാളിക്കും കാണാപ്പാഠമാണ്. കേരളം വാണിരുന്ന അസുരരാജാവായിരുന്ന മഹാബലിയുടെ മഹിമയില്‍ അസൂയ പൂണ്ട്, ദേവന്മാര്‍ മഹാവിഷ്ണുവിന്റെ അടുക്കല്‍ പരാതിയുമായി ചെന്നതും വാമനാവതാരം എടുത്ത് മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതുമാണ് ഓണത്തിന് പിന്നിലെ കഥ. എല്ലാ വര്‍ഷവും സ്വന്തം പ്രജകളെ കാണാന്‍ മഹാബലി എത്തുന്ന സമയമാണ് ഓണം.

മഹാബലി:

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. അങ്ങനെയിരിക്കെ സ്വർഗ്ഗലോകം കൂടി പിടിച്ചടക്കണമെന്ന മോഹം മഹാബലിയിൽ ഉടലെടുത്തു. ഭയചകിതരായ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹാബലി ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.

ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button